Jul 31, 2010

എന്ന് സ്വന്തം തളത്തില്‍ ദിനേശന്‍

പ്രിയപ്പെട്ട മനശാസ്ത്ര ഡോക്ടര്‍ക്ക്...
എനിക്ക് ഒരു പിടിയും കിട്ടുന്നില്ല സര്‍
ദയവു ചെയ്തു എത്രയും പെട്ടെന്ന് സ്ത്രീകളുടെ മനശാസ്ത്രത്തെപ്പറ്റി വാരികയില്‍ എഴുതൂ.
കാരണം എന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഭാര്യ ആകാന്‍ പോകുന്ന പെണ്‍കുട്ടി അതിസുന്ദരിയാണ് ഡോക്ടര്‍. എനിക്ക് അര്‍ഹതയില്ലാത്ത ഒരു കുട്ടിയെയാണോ ഞാന്‍ കെട്ടാന്‍ പോകുന്നതെന്ന ചിന്ത എന്നെ വല്ലാതെ അലട്ടുകയാണ് സാര്‍.
പലപല ഘട്ടങ്ങളില്‍ ഡോക്ടര്‍ വാരികയിലൂടെ തന്നിട്ടുള്ള വിലപ്പെട്ട ഉപദേശങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ ജീവിച്ചിട്ടുള്ളത്.എല്ലാത്തിനും നന്ദി.


ആദ്യമായി ഞാന്‍ ഡോക്ടറോട് ഒരു നഗ്നസത്യം തുറന്ന് പറയട്ടെ. ഞാന്‍ സുന്ദരനല്ല ഡോക്ടര്‍. കറുത്തിട്ടാണ്.ഉയരവും വളരെ കമ്മിയാണ്. അതുകൊണ്ട് ഭാര്യയാകാന്‍ പോകുന്ന ഈ സുന്ദരിയെ മനഃശാസ്ത്രപരമായ സമീപനത്തില്‍ക്കൂടിമാത്രമേ കീഴ്പ്പെടുത്താന്‍ പറ്റൂ, അവളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടാന്‍ പറ്റൂ...

ആദ്യരാത്രിയില്‍ത്തന്നെ എനിക്കത് സാധിക്കണം. എല്ലാ മാര്‍ഗ്ഗങ്ങളും ഉപദേശിക്കാന്‍ അപേക്ഷ.

കള്ളുകുടിയും പുകവലിയും ഇല്ലാത്തവന്‍, സമ്പാദ്യശീലമുള്ളവന്‍. എന്‍റെ ഈ പ്രത്യേകതകളാണ് ആ കുട്ടിയുടെ വീട്ടുകാരെ ആകര്‍ഷിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അല്ലാതെ എന്നെ ഇഷ്ടപ്പെടാന്‍ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.

എന്‍റെ ഒരു മൂത്തചേട്ടനോടെന്നപോലെ താങ്കളോട് ഞാന്‍ ചോദിക്കുകയാണ് ഡോക്ടര്‍..ഉയരം കൂട്ടാന്‍ വല്ല വിദ്യകളുമുണ്ടോ?മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ഉപായങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ ഇതുവരെ ക്രീമുകളൊന്നും ഉപയോഗിച്ചിട്ടില്ല.
വിക്കോടര്‍മറികിനെപ്പറ്റി എന്താണ് അഭിപ്രായം?
അതു തേച്ചാല്‍ വെളുക്കുമോ?
മേല്‍പ്പറഞ്ഞ എല്ലാ ചോദ്യങ്ങള്‍ക്കും വാരികയിലൂടെ വിശദമായ മറുപടി തന്ന് ഈ ദുര്‍ഘടാവസ്ഥയില്‍ നിന്ന് എന്നെ കരകേറ്റണമെന്ന് വിനീതമായി അപേഷിക്കുകയാണ്

എന്ന് സ്വന്തം


തളത്തില്‍ ദിനേശന്‍