Sep 8, 2010

ആദരാഞ്ജലികള്‍

വേണു നാഗവളളി അന്തരിച്ചു


തിരു: മലയാളത്തിന്റെ പ്രിയനടന്‍ വേണുനാഗവള്ളി അന്തരിച്ചു. 61 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. ഭാര്യ മീര, മകന്‍ വിവേക്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, സംവിധായകന്‍ മുരളി നാഗവള്ളി എന്നിവര്‍ അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശ്മശാനത്തില്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായും 30 വര്‍ഷത്തിലധികം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന വേണു നാഗവള്ളി ആസ്വാദകരില്‍ എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന സാന്നിധ്യമായിരുന്നു. 1978ല്‍ ഉള്‍ക്കടലിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് പ്രണയചിത്രങ്ങളിലെ സ്ഥിരം നായകനായി. ശാലിനി എന്റെ കൂട്ടുകാരി, അണിയാത്ത വളകള്‍, കോലങ്ങള്‍, യവനിക, ദേവദാസ്, ചില്ല് തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം മലയാള സിനിമയിലെ 'വിഷാദകാമുകന്‍' എന്ന പേര് ചാര്‍ത്തിക്കൊടുത്തു. ശോഭ, ജലജ എന്നിവരാണ് മിക്ക സിനിമകളിലും വേണുവിന്റെ നായികമാരായത്. ശോഭ-വേണു ടീമിന്റെ പ്രണയചിത്രങ്ങള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നാടകാചാര്യന്‍ നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്. ചെറുപ്പകാലത്തു തന്നെ പ്രശസ്തരുമായുള്ള സഹവാസം വേണുവിലെ കലാകാരനെ ഉണര്‍ത്തി. ആദ്യം നടനായി വെളളിത്തിരയിലെത്തിയ അദ്ദേഹം പിന്നീട് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായമണിഞ്ഞു. 1986ല്‍ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് ആദ്യം സംവിധാനം ചെയ്തത്. വന്‍വിജയമായ ലാല്‍സലാം, ഏയ് ഓട്ടോ ഉള്‍പ്പെടെ 12 സിനിമകള്‍ സംവിധാനം ചെയ്തു. ഭാര്യ സ്വന്തം സുഹൃത്താണ് ഒടുവിലത്തെ ചിത്രം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ കിലുക്കം ഉള്‍പ്പെടെ പത്ത് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കൈരളി ടി വിയുടെ പ്രോഗ്രാംവിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു.